Thursday, March 24, 2022

Fb കുറിപ്പുകൾ:മലയാളിയുടെ സെക്സ് ഷൂവിൽ കുടുങ്ങിയ കല്ലാണ്, രജിശങ്കർ ബോധി

  


 ലയാളികളുടെ സംസ്‌ക്കാരം കോണകത്തിലാണെന്നു വീണ്ടും പറയേണ്ടി വരുന്നതിൽ ഖേദമൊന്നുമില്ല.നമ്മുടെ മുഖമുദ്ര കോണകമാകുമ്പോൾ അതിന്റെ കാര്യമില്ല.

    "കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തിടുക"എന്ന ആപ്ത വാക്യം മറന്നൊരു പരിപാടിയും മലയാളിക്കില്ല.തങ്ങൾക്ക് ഇല്ലാത്തത് ഉണ്ടന്ന് കാണിക്കാനും ഉള്ള ചീഞ്ഞ സ്വഭാവം ഇല്ലന്ന് കാണിക്കാനും മിടുക്കരാണ്.ഒരു പെണ്ണിനെ ആറുമണി കഴിഞ്ഞു ഒരു കോപ്പി എടുത്തു വെച്ചിട്ടല്ലാതെ പുറത്തു വിടാൻ പറ്റാത്ത നാട്ടിലിരുന്നാണ് സദാചാരത്തിൽ കുറുകുന്നത്.സത്യത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം തുറന്ന ലൈംഗികതയുടെ തലസ്ഥാനമായിരുന്നു.ഹൈന്ദവ സംസ്‌ക്കാരം പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉറച്ചതോടെ സഭ്യതയുടെ നിറവും സങ്കൽപ്പവും മാറുന്നുണ്ട്. അധികാരികളെ ലൈംഗികമായി തൃപ്തിപ്പെടുത്തുന്നത് ഒരു ഉത്തരവാദിത്തമായി മാറി. ഇതു നിഷേധിക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഉണ്ടായിരുന്നു.

  കേരളത്തിൽ അങ്ങോളമിങ്ങോളം ലൈംഗിക കോളനി സ്ഥാപിച്ച ബ്രാഹ്മണരും താഴോട്ടുള്ള അധികാരികളും ഒരു അവകാശമായി ഇതു കണ്ടു.വേശ്യകളും വേശ്യാവൃത്തിയും മാന്യയുള്ളതായി മാറി.കൂത്തച്ചികളും  തേവടിശ്ശികളും പ്രജകളെക്കാൾ മുകളിൽ ഉള്ളവരായി.ആത്തച്ചികളും  തങ്കച്ചികളും മണാളന്മാരും ഊർജ്ജസ്വലരായി ഉണർന്നിരുന്നു.ബഹുഭാര്യത്വവും ഭർതൃത്വവും സ്വാഭാവികമായി.ആർക്കും ആരെയും സമീപിക്കാം അല്ലെങ്കിൽ കീഴ്പ്പെടുത്താം.വഴങ്ങിയില്ലെങ്കിൽ കൊന്നുകാളയാം. ഏതാണ്ട് 800 വർഷങ്ങൾ കേരളം എടുത്തണിഞ്ഞ മുഖത്തെഴുത്താണിത്.

  വിദേശ മിഷനറിമാരുടെ വരവോടെയാണ് ഈ ജീവിത ക്രമം തെറ്റുന്നത്. സ്ത്രീകൾക്ക് നാട് നിവർത്താൻ സമയം കിട്ടിയെന്ന് പറയുന്നതാകും ശരി.ഇത്രയ്ക്ക് സ്ത്രീ വിരുദ്ധമായ ഒരു നാട് അന്തർവാഹിനിയായി ഓരോ മലയാളിയുടെയും ഉള്ളിലൂടെ ഒഴുകുന്നുണ്ട്.സ്ത്രീ വിരുദ്ധതയെ എതിർക്കുന്നവരുടെ പോലും വാക്കുകളിൽ എഴുന്നു നിൽക്കുന്നത് കടഞ്ഞെടുത്ത ലൈംഗികതയാണ്.(ഞാനുൾപ്പെടാത്ത ലൈംഗികത).ഇവിടെ വിറ്റഴിയുന്ന നളിനി ജമീലയുടെ പുസ്തകം ഒരു തുറന്നു പറച്ചിലാണ്. അതിൽ അവരുടെ ആസ്വാദന സൂചികയുണ്ട്.അതിനെ ഹർഷാരവത്തോടെ സ്വീകരിച്ചവർ എന്തുകൊണ്ടാണ് വിനായകനോട് ചോദിച്ച ചോദ്യത്തിന് ലഭിച്ച ഉത്തരങ്ങൾ അപകടകരമായ സ്ത്രീ വിരുദ്ധതയെന്നു ചൂണ്ടിക്കാണിച്ച് വിനായകനെ ആക്രമിക്കുന്നതിന്റെ നിരമെന്താണ്?മലയാളത്തിലെ തന്നെ നിരവധി നടിമാർ തന്നെ സംവിധായകരുടെയും സഹനടന്മാരുടെയും മാന്യമല്ലാത്ത ഇടപെടലുകളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.അതിനെയൊക്കെ പ്രതിഭാവിലാസം എന്ന നിലയിൽ രസകരമായി നോക്കിക്കാണുന്നവരാണ് മലയാളികൾ.

   കാണുന്നവരോടെല്ലാം അല്ലങ്കിൽ കണ്ടമാത്രയിൽ ചോദിക്കുമെന്നൊന്നും വിനായകൻ പറഞ്ഞില്ല.അദ്ദേഹത്തോട് ചോദിച്ചതിന് മറുപടി പറഞ്ഞു.

   നമുക്കറിയാം ഒരു പെണ്ണിനോടുള്ള ദേഹദാഹം മറച്ചു വെച്ച് മാന്യമായി പെരുമാറുകയും അവസരം കിട്ടുമ്പോൾ  ഉപയോഗിക്കുകയും ചെയ്യുന്നവരാണ് അധികം.ഇതിൽ മിക്കവയും ഇരകൾക്ക് പോലും ആസൂത്രിതമായി അകപ്പെടുത്തിയതാണെന്നു കരുതാൻ ഇടകൊടുക്കാത്ത വിധം ആയിരിക്കും.ഒരു പെണ്ണിനെ ബലമായോ അല്ലാതെയോ കീഴ്പ്പെടുത്തുന്നത് വീരസമായി കരുതുന്ന സമൂഹമാണ് ഇപ്പോഴും കേരളം.അത് താനല്ലങ്കിൽ ഉയരുന്ന ഒരു ധാർമ്മിക ബോധവും ഉണ്ടന്നറിയണം.

    ഞെക്കിപ്പിഴിഞ്ഞ വലിയ സ്ത്രീ സുരക്ഷാ ശാസ്ത്രങ്ങൾ ഉള്ള ഇന്ത്യയിൽ നടക്കുന്നതെന്താണ്?നദിയും നാരിയും ദേവതകളാണ് പോലും!ഇത്രമാത്രം മലിനമാക്കപ്പെട്ട എന്താണുള്ളത്?മറിച്ചു,യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകൾ എന്തുകൊണ്ടാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നില്ലന്നത് ചിന്തനീയമാണ്.അവിടെ ദേവിയെന്ന അമിത ഭാവനയൊന്നുമില്ല. മനുഷ്യൻ എന്ന പൂർണ്ണതയിലാണ് അവർ വിശ്വസിക്കുന്നത്.അതുകൊണ്ട് സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം അവർക്കറിയാം.

  വിനായകനെ ആക്രമിക്കുന്നതിന്റെ കാരണം മറ്റൊന്നാണ്. ആരൊക്കൊയാണ്  സംസാരിക്കാൻ യോഗ്യർ എന്നു മുമ്പേ തീരുമാനിച്ചിട്ടുണ്ട്.പഴയ ലൈംഗിക കോളനികളിലെ ഇരകളും വേട്ടക്കാരും കൈകോർത്തപ്പോൾ അത്ഭുതങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്ന വാർത്തകളാണ് വരുന്നത്.

  ദലിത് മേഖലയിൽ നിന്നും ഉയർന്നു വരുന്നവരെ ഇല്ലായ്മചെയ്യുകയെന്നത് വരേണ്യരിൽ കൂടുതൽ അഭിജാതരുടെ ഉദ്ദേശമാണ്.കലാഭവൻ മണിയെ നക്കിക്കൊന്നത് നമ്മൾ കണ്ടു.ഇനി വിനായകനെ കുത്തിക്കൊല്ലണം. കാരണം വിനായകൻ നിലപാട് തുറന്ന് പ്രഖ്യാപിക്കുന്നവനാണ്.ആവശ്യത്തിന് പോലും ചിരിക്കാത്തവനാണ്.മലയാളിക്ക് സെക്‌സ്,ഷൂസിനിടയിൽ കുടുങ്ങിയ കല്ലാണ്.അതിന്റെ കിരുകിരുപ്പ് പോകാൻ സമയമെടുക്കും.

No comments:

Post a Comment