Sunday, March 20, 2022

Fb കുറിപ്പുകൾ :ഇതുവരെ തുറക്കാത്ത ദളിത് ഫയൽ

 


കഥ പറയുമ്പോൾ 'ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു ശുദ്ധ ബ്രാഹ്മണൻ ഉണ്ടായിരുന്നു..'എന്നാണ് തുടങ്ങുന്നത്.ബ്രാഹ്മണർ ജന്മനാ ശുദ്ധരാണ്. അതുകൊണ്ട് അവരുടെ ദുഃഖവും വേദനയും നാടിന്റേതാണ്. കാശ്മീർ ഫയൽ എന്ന ചിത്രം ഉയർത്താൻ പോകുന്നത് ഒരു ദേശീയ നൊമ്പരത്തിൽ ഊന്നിയ വംശവെറി ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.അതിന്റെ കാലാൾ പട ദലിതർ ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടന്ന് തോന്നുന്നില്ല.ഗുജറാത്ത് കാലാപത്തിലും കാണ്ഡമാൽ ഘർവാപസി കാലാപത്തിലും ഇവരുടെ റോൾ കൃത്യമായിരുന്നു.


 എനിക്ക് ചോദിക്കാനുള്ളത് എങ്ങനെയാണ് കാശ്മീരി പണ്ഡിറ്റുകൾ ഇരയാകുന്നത് എന്നാണ്?'നിങ്ങളുടെ കൈകൾ തണുത്തു വിറയ്ക്കുമ്പോഴും സമ്പന്നനെ ഷാൾ പുതപ്പിക്കുന്നു 'വെന്ന് മുഹമ്മദ് ഇഖ്ബാൽ പാടിയതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.നെത്തുകാരെ ചൂഷണം ചെയ്തുവന്ന സമ്പന്നരിൽ ഭൂരിഭാഗവും കാശ്മീരി പണ്ഡിറ്റുകളും വൈശ്യരും പിന്നെ സമ്പന്ന മുസ്ലീങ്ങളും ആയിരുന്നു.ദരിദ്രരും പീഡിതരും ആയ മുസ്‌ലിം നെയ്ത്തുകാർ ദേശിയ ജനതയും സമ്പന്ന മുസ്ലീമും ബ്രാഹ്മണരും ഒരേ ജനിതക പാരമ്പര്യം പേറുന്ന വിദേശികളുമാണ്.അതുകൊണ്ടാണ് നഖ്വിയെപ്പോലുള്ള അഭിജാത മുസ്ലിമിന് ബിജെപിയിൽ ആത്മ വിശ്വാസത്തോടെ നിൽക്കാൻ കഴിയുന്നത്.


കാശ്മീരിൽ എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന സ്വതന്ത്ര പഠനങ്ങൾ ഉണ്ടാകണം.ഇന്ത്യയുടെ ഖേദങ്ങൾ മുഴുവൻ സവർണരുടെ ഭാവനയാണ്. അതിനെ തിരുമ്മി സുഖിപ്പിക്കുന്ന അവർണ്ണ ഹിന്ദുക്കളാണ്  സമൂഹത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുന്നത്. ഇന്ത്യാ ചരിത്രത്തെ ഇത്രമാത്രം ചോരയിൽ മുക്കിയെടുത്ത ഒരു സമൂഹം ബ്രാഹ്‌മണരല്ലാതെ മറ്റാരുമില്ല.ജാതികൊണ്ടു മുറിയാത്തവർ ആരാണ് ഇന്ത്യയിലുള്ളത്.?താഴേക്ക് വരും തോറും അതിന്റെ ആഴം കൂടും. ബ്രിട്ടീഷ്കാർ കച്ചവടത്തിൽ നിന്നും ഭരണത്തിലേക്ക് തിരിയുമ്പോൾ ഇവിടെ വന്ന മിഷനറിമാരുടെ സ്വാധിനം കൊണ്ടാണ്”;ഞങ്ങൾ';എന്നതിൽ നിന്നു'നമ്മളി'ലേക്ക് ഇന്ത്യക്കാർ തിരിഞ്ഞു നോക്കുന്നത്.അത്രയ്ക്ക് ഗോത്രമയമായ ഇന്ത്യയിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കെടുത്താൽ പണ്ഡിറ്റുകൾ മിണ്ടാതെ പോകും.ഇത് മനസ്സിലാകാൻ പ്രാചിന ശിക്ഷാരീതികളും സാമൂഹ്യ ചലന നിയമങ്ങളും എങ്ങനെ ആയിരുന്നുവെന്ന് ഒന്നു കണ്ണോടിച്ചാൽ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ പുറത്തു വരും.അല്ലെങ്കിൽ ഇത് എല്ലാവർക്കും അറിയാം.


കേരളത്തിൽ മാത്രം നില നിന്ന നീതികേടുകളെക്കുറിച്ച് നമുക്കൊന്നു ചിന്തിക്കാം.എങ്ങനെയാണ് ദളിത് ജീവിതമെന്ന് ഇന്ന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. 'വിൽക്കുന്നങ്കിൽ വിലയ്ക്ക് മാറും,കൊല്ലുന്നെങ്കിൽ കൊലയ്ക്കുമാറും 'ഇതായിരുന്നു ഒരു കാർഷിക അടിമയെ സംബന്ധിച്ച അടിസ്ഥാന പ്രമാണം.ഉടമയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം.കന്നിനോടും കാളയോടും ചേർത്തു കെട്ടി ഉഴുതത്, ചേറിൽ ചവുട്ടി താഴ്ത്തി കൊന്നത് ഒരു സാധാരണകാര്യം മാത്രമായിരുന്നു. ഏറ്റവും ഭീകരമായത് കരു നിർത്തുക എന്നൊരു ചടങ്ങാണ്‌.പാലം അല്ലെങ്കിൽ മട ഉറച്ചില്ലെല്ലങ്കിൽ ഒരു മനുഷ്യനെ ജീവനോടെ ഇറക്കിനിർത്തി മൂടുന്നു.വളരെ അടുത്ത കാലം വരെ ഇത് തുടർന്നുവെന്നു ചില വാമൊഴികൾ നമ്മോട് പറയുന്നു.ഇത്തരം അശാസ്ത്രീയവും മനുഷ്യത്വ വിരുദ്ധവുമായ കാര്യങ്ങൾ ബ്രിട്ടീഷ് ഗവണ്മെന്റ് നിരോധിച്ചെങ്കിലും ഗോത്രജീവികൾ അത് തുടർന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കാർഷിക അടിമകളോട് മൃഗങ്ങളോട് പോലും ചെയ്യാത്ത രീതിയിലുള്ള സമീപനമായിരുന്നു.വെളിച്ചത്തിന്റെ ഒരു കീറെങ്കിലും അവശേഷിക്കും വരെ അവരെക്കൊണ്ട് പണിയെടുപ്പിച്ചു.പെറ്റു കിടന്ന പെണ്ണുങ്ങളെപ്പോലും പണിക്കിറങ്ങാൻ നിർബ്ബന്ധിച്ചു. മൃഗങ്ങളെയെന്നപോലെ വിൽക്കുകയും വാങ്ങുകയും ചെയ്തു.ഇവർക്ക് കുടുംബം കുട്ടികൾ ദുഃഖം നൊമ്പരം ഒക്കെ ഉണ്ടന്ന് ആരും ചിന്തിച്ചിട്ടില്ല.അച്ഛനെ ഒരുദിക്കിൽ,അമ്മയെ മറ്റൊരു ദിക്കിൽ വിൽക്കുമ്പോൾ അനാഥമാകുന്ന കുഞ്ഞുങ്ങൾ ഒരു വലിയ നൊമ്പരമായി കരഞ്ഞു കരഞ്ഞു നടന്നകാലം ഒത്തിരി പുറകിലല്ല. മുലകുടിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മാറത്ത് നിന്നും പറിച്ചെടുത്ത് കൊണ്ടുപോയപ്പോൾ നെഞ്ചു പിളർന്ന അമ്മയാണ് ഇന്ത്യയുടെ യഥാർഥ അമ്മ. പ്രസവിച്ചിട്ടു അധികമാകാത്ത പെണ്ണിനെ നിബ്ബന്ധിച്ച് പാടത്തിറക്കി.വരമ്പത്ത് കിടന്ന കുഞ്ഞിനെ ഉറുമ്പരിച്ചു കൊന്നു.ചങ്കുപൊട്ടി ചത്തുപോയ  ആ അമ്മ ചരിത്രത്തിലില്ല.ഇത്തരം അനുഭവങ്ങൾ ഉണ്ടായ ഏതു  ജാതിയാണ് വേ റെയുള്ളത്? പൊതുവഴി ഉപയോഗിക്കാൻ കഴിയാതെ വസ്ത്രം  ധരിക്കാൻ കഴിയാതെ വിദ്യ അഭ്യസിക്കാൻ കഴിയാതെ, സംസാരിക്കുന്ന മൃഗങ്ങളായി നരക  ജീവിതം  നയിച്ച  മനുഷ്യർ വേറെയുണ്ടോ?

മുതലാളിയുടെ ഇഷ്ടക്കേടിൽ അടികൊണ്ട് ചത്തവർ എത്രയെന്ന് കണക്കുണ്ടോ? " നേരമ്പോയ് നേരമ്പോയ് പൂക്കൈത മറപച്ചി... നേരോല്ലാ നേരത്തും കൊല്ലാക്കൊല കൊല്ലണിയെ."പഴയ നാടൻ പാട്ടുകളിൽ വിണ്ടുകീറിയ ഹൃദയം  നിങ്ങൾക്ക് കാണാം. അതൊരു കലാസൃഷ്ടിയല്ല, ജീവിതം തുറന്നു  വെച്ചതാണ്.ഇത്തരം പാട്ടുകൾ ചരിത്രത്തിൽ  ഇല്ലാത്തവരുടെ  ജീവിത രേഖയാണ്.ചക്കിപ്പരുന്തിനോട് "നീയെന്റെ അമ്മേനേം അപ്പനേം കണ്ടോ "എന്ന് ചോദിക്കുന്ന കുഞ്ഞു ഹൃദയങ്ങളെ നൊമ്പരത്തോടെ ആരൊക്കെ നോക്കി കണ്ടിട്ടുണ്ട്?


ശാരീരിക പീഡനങ്ങൾക്ക് അപ്പുറത്തുള്ള ഭയാനകവും അറപ്പുളവാക്കുന്നതുമായ ആചാരങ്ങളും  അകലവും  ബുദ്ധിയെയും ചിന്തയെയും എത്രമാത്രം കലക്കി കളഞ്ഞുവെന്ന് ആരെങ്കിലും തിരക്കിയിട്ടുണ്ടോ?മോഷണ കുറ്റം ആരോപിച്ചു അറസ്റ്റിലാവുകയും പിന്നീട് നിരപരാധിയെന്നു കണ്ടെത്തുകയും ചെയ്ത ദലിതൻ മാന നഷ്ടത്തിന് കേസ്സ് കൊടുത്തപ്പോൾ ഇന്ത്യക്കാരനായ ജഡ്ജി ദലിതന് മാനം ഇല്ലാത്തത് കൊണ്ട് കേസ്സ് നിലനിൽക്കില്ലന്ന് വിധിച്ചു. എന്നാൽ മേൽക്കോടതിയിൽ അപ്പീൽ പോയപ്പോൾ ഇംഗ്ലീഷ് ജഡ്ജി അനുകൂലമായി വിധിക്കുകയും നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച ബാബാ സാഹബ്. പറയുന്നുണ്ട്.

 മിഷനറിമാർ ഇംഗ്ലീഷ് മരുന്ന് കൊണ്ട് വരുന്നത് വരെ പുലയരുടെ ആയുർദൈർഘ്യം അൻപത് വയസ്സിൽ  താഴെയായിരുന്നു. പുലർച്ച മുതൽ ഇരുളും വരെ വെള്ളത്തിൽ നിന്ന് ജോലി ചെയ്യേണ്ടി വരുന്ന ഇവർക്ക് റുമാറ്റിക് ഫീവർ പിടികൂടുന്നത് സാധാരണമായിരുന്നു.ശരിയായ  ആഹാരവും മരുന്നും ഇല്ലാതെ കുട്ടികളടക്കം അകാലമൃത്യുവടയുന്നതു പതിവായിരുന്നു. ഭൂവുടമയെ സംബന്ധിച്ചു. ഇതൊന്നുമല്ലായിരുന്നു.ബ്രാഹ്മണർ അവരുടെ കാർഷിക  ആവശ്യങ്ങൾക്കായി കാട്ടിൽ നിന്നും പിടിച്ചു കൊണ്ട് വന്നു  പരിശീലിപ്പിച്ചതാണ് എന്നൊരു വിശ്വാസം വച്ചു പുലർത്തുന്നുണ്ട്. ഷെവലിയാർ ജോർജ്‌ജ് ഇങ്ങനെ എഴുതിയിട്ടുണ്ട്.


കൊച്ചിയിലെ പള്ളികൾ തിങ്കൾ മുതൽ ശനി വരെ അടിമക്കച്ചവട കേന്ദ്രമായിരുന്നു. പിറന്ന മണ്ണിൽ  മനുഷ്യനെന്ന യാതൊരു  പരിഗണനയുമില്ലാതെ വിൽക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്തവരുടെ  വിലാപം ഇപ്പോഴും ദിഗംന്തങ്ങളെ ചൂഴ്ന്നു നിൽക്കുന്നുണ്ട്.


പൂതം കൊണ്ടുപോയ ഉണ്ണിയെയും നങ്ങേലിയെയും ഓർത്ത് തേങ്ങാത്ത മലയാളികൾ  ഇല്ല. എന്നാൽ ഭുതഗണങ്ങൾ നൂറ്റാണ്ടുകളിലൂടെ എത്ര അമ്മമാരെ കുഞ്ഞുങ്ങളുടെ മുന്നിൽ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി,എത്ര പിഞ്ചിളം ചുണ്ടുകൾ  മുലഞെട്ടിൽ നിന്നും വേർപെട്ട് വിലപിച്ചു മരിച്ചു.!! എത്ര പിതാക്കന്മാർ കുടുംബത്തെ  വേർപെട്ട് എരിഞ്ഞു തീർന്നു! നൂറ്റാണ്ടുകൾ സാക്ഷിയായ   ഈ  ക്രൂരത ബ്രാഹ്മണ രുടെ നേതൃത്വത്തിൽ ശുദ്രരും ക്രിസ്ത്യാനി കളും മുസ്ലിങ്ങളും ചേർന്നു നടത്തിയതാണ്. ഇതിനുമുമ്പിൽ ഇതിനേക്കാൾ തീവ്രതയുള്ള ഒരു ഫയൽ വെക്കാൻ ഇവിടെ ഒരുത്തനുമില്ലന്ന് ഇന്ത്യയുടെ ചരിത്രം അറിയുന്നവർക്കറിയാം.


ഇവർ എത്ര തലമുറകളെ  തകർക്കുകയും മലിനമാക്കുകയും ചെയ്തിട്ടുണ്ടെന്നറിയുമോ?ഇത്രമാത്രം  കൃത്യമായി   മനുഷ്യരെ അപനിർമ്മിച്ചെടുത്ത ഒരു രാജ്യം  ലോകത്ത് ഇല്ലെന്നതാണ് വാസ്തവം.'കൊല്ലുന്നെങ്കിൽ കൊലയ്ക്ക് മാറും 'എന്ന നിയമ സാധുത ഉപയോഗിച്ച് കുടുംബത്തിന്റെ മുന്നിലിട്ട് അടിച്ചു കൊന്ന ഹതഭാഗ്യരെത്രയെന്ന് ആരും ചിന്തിച്ചിട്ടില്ല.അതിന്റെ കാരണം അടുത്ത കാലം വരെ ഹിന്ദുത്ത ഇന്ത്യ  'ഞങ്ങൾ 'എന്നല്ലാതെ  'നമ്മൾ 'എന്ന് ചിന്തിച്ചിട്ടില്ല. അവർക്കതിന് കഴിയില്ല.കാരണം അവരുടെ സാമൂഹ്യ  വീക്ഷണം ചേർന്നു നിൽക്കാനല്ല, അകന്നു നിൽക്കാനുള്ള പാഠമാണ്  അവർക്ക് നൽകുന്നത്. തുല്യതയുള്ള ഒരു പരിഷകൃത സമൂഹത്തെ  അവർക്ക് സൃഷ്ടിക്കാൻ കഴിയാതെ പോകുന്നത് അതുകൊണ്ടാണ്. ഇവരുടെ ജീവിത ക്രമമെന്ന് പറയുന്നത് തന്നെ തികഞ്ഞ  സാമൂഹ്യ വിരുദ്ധതയാണ്  ഇതിന്റെയൊക്കെ ഏറ്റവും വലിയ  ഇരകൾ ദലിതരും അവരുടെ തന്നെ സ്ത്രീകളുമായിരുന്നു.

ബ്രിട്ടീഷ്കാർ അടിമക്കച്ചവടം നിരോധിച്ചപ്പോൾ അതിനെതിരെ  പ്രതികരിച്ചവരാണ് ഇവിടെയുള്ള സകല അഭിജാതരുമെന്ന് നമ്മൾ തിരിച്ചറിയണം.


  കാശ്മീർ ഫയൽ പോലുള്ള ചിത്രം ഇന്ത്യയിൽ ആഘോഷിക്കപ്പെടുക തന്നെ ചെയ്യും. കാരണം അവർ പറയുന്നത് ബ്രാഹ്മണരുടെ ദുഖമാണ്. കാശ്മീരിലെ ദരിദ്ര നെയ്ത്തുകാരുടെ വേദന അദൃശ്യമായിപ്പോയി. അതുപോലെ തന്നെ നരക തുല്യമായ ലോകത്ത് നൂറ്റാണ്ടുകൾ ജീവിച്ചു മരിച്ചുപോയ മനുഷ്യരുടെ വ്യഥകൾ ആർത്തു കരയുമ്പോൾ ബ്രാഹ്‌മണ നൊമ്പരത്തിന്റെ ഫയൽ തുറക്കുന്നത് ഒരു രാഷ്ട്രീയമാണ്.




No comments:

Post a Comment