Tuesday, March 1, 2022

fb കുറിപ്പുകൾ 4,എ .ശിവാനന്ദൻ:എനിക്ക് അംബെദ്ക്കറെ കാണിച്ചു തന്ന ഗുരു

 


   അപ്പന്റെ തോളത്തിരുന്നു ഇൻക്വിലാബ് വിളിച്ചിട്ടില്ലെങ്കിലും ഞാനും ഒരു കമ്യൂണിസ്റ്കാരനായിരുന്നു..dyfi യിലൊക്കെ ഭാരവാഹിയായി 2 പഞ്ചായത്തിലും അല്പസ്വല്പം പ്രസിദ്ധനായി കഴിയുന്ന കാലം.ഞാൻ ഒരിക്കൽ അമ്മവീട്ടിൽ പോയി.വൈകുന്നേരം കൂട്ടുകാരന്റെ അച്ഛൻ ശ്രീധരൻ ചേട്ടൻ നടത്തുന്ന ബാർബർ ഷോപ്പിൽ പതിവ് വൈകുന്നേര സന്ദര്ശനത്തിനെത്തി. ശ്രീധരൻ ചേട്ടൻ ഭയങ്കര സമുദായ പ്രവർത്തകനാണ് .മുടിവെട്ടുമ്പോൾ എല്ലാ വർത്തകളും അംബേദ്ക്കറിലോ അയ്യങ്കാളിയിലോ എത്തി നിൽക്കും.എണ്പതുകളിലെ അംബേദ്ക്കർ വസന്തത്തിന്റെ തുടക്കത്തിൽ അതിലേക്കിറങ്ങി ചെന്ന ഒരാളായിരുന്നു ശ്രീധരൻ.പറയുന്ന പലതിനോടും പൊരുത്തപ്പെട്ടെങ്കിലും ചിലതങ്ങനെ ദഹിക്കാതെ കിടന്നു.ചേട്ടനുമായി തർക്കിച്ചു ഞാൻ ജയിച്ചെന്നു പ്രഖ്യാപിച്ചിട്ടു പോരും.ഞാൻ ലോക മാനവനായി നിൽക്കുമ്പോൾ ഒരു വർഗ്ഗീയ വാദിക്കു നിലനിൽക്കാനാവില്ല.

 അന്ന് ഞാൻ ചെന്നതും തർക്കവിഷയം ഒന്ന് കണ്ടെത്തിക്കൊണ്ടായിരുന്നു.ഞാൻ കുതിച്ചു കയറിക്കൊണ്ടിരിക്കുമ്പോൾ ഇടിവെട്ടുമ്പോലൊരു ചോദ്യം എന്റെ തയ്ക്കിടിച്ചു.

" നിനക്കു kv പത്രോസിനെ അറിയുമോ? "

  തൊട്ടു പിന്നിൽ തണലത്തൊരു കസേരയിലിരുന്നൊരു തടിയൻ ചോദിക്കുന്നു.കറുത്തു തടിച്ചു താടിയൊക്കെ നീട്ടി തലമുഴുവൻ മൂടിയൊരു വലിയ തലക്കെട്ട്. ഞാൻ ഞെട്ടി നിൽക്കുമ്പോൾ സ്വരൂപം എന്റെ നേർക്ക് വന്നു.

" അറിയുമോന്നു...‌"

" ഇല്ല.."

"എന്നാ അറിഞ്ഞിട്ടു കമ്യൂണിസം പറഞ്ഞാ മതി."

ഞാൻ പ്രതിസന്ധിയിലായി.പിന്നെ എന്റെ നടുവൊടിക്കുന്ന കുറെ ചോദ്യങ്ങൾ കരകരശബ്ദത്തിൽ പുറത്തു വന്നു..എം.എസ് ഉം കാറൽ മാക്സും രണ്ടു ചെവികളിലൂടെ ചിലച്ചുകൊണ്ടു പറന്നുപോയി.ശ്രീധരൻ ചേട്ടൻ അഭിമാനത്തോടെ താടി തടവി നിൽക്കുന്നത് കണ്ടതോടെ എന്റെ ശേഷിച്ച കമ്യൂണിസ്റ്റ് പ്രതിരോധം ആവിയായി. ഞാൻ തിരിഞ്ഞു നോക്കാതെ വീട്ടിലേക്കു പാഞ്ഞു.അവിടെയിരുന്നാൽ കവല കാണാം.അങ്ങോട്ടു നോക്കാൻ പോലും വെറുത്തു പോയി.രണ്ടു ദിവസം അങ്ങോട്ടു തിരിഞ്ഞില്ല.അടുത്ത ദിവസം കുഞ്ഞേട്ടായിയും ഞാനും വൈകുന്നേരം കുളിക്കാൻ പോയപ്പോൾ ശിവദാസിന്റെ വീട്ടിൽ നിന്നും പതിവില്ലാത്ത സംസാരം.ആളനക്കം.ഞങ്ങൾ ഇറങ്ങി ചെല്ലുമ്പോൾ വഴിയിലും ചിലരുണ്ട്.പലരും മറ്റെവിടെ നിന്നോ വന്നവരാണ്.അവരുടെ വീട് പുറംപോക്കിലൊരു കുടിലാണ്.ഓലകൊണ്ടു മേഞ്ഞു,അതുകൊടു തന്നെ മറ കെട്ടി.ശ്രീധരൻ ചേട്ടൻ ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.അവിടെ രണ്ടു മൂന്നുപേർ ഇരിക്കുന്നു.മണ്ണെണ്ണ വിളക്കിന്റെ പ്രഭയിൽ ഞാൻ ഓരോരുത്തരെ കണ്ടു വരുമ്പോഴുണ്ട് അതെ, തടിയൻ താടിക്കാരൻ..എന്നെ കണ്ടതും ഉറക്കെ ചിരിച്ചിട്ടു അടുത്തേക്ക് വിളിച്ചു.ഞാൻ സങ്കോചത്തോടെ ചെന്നു. കനത്ത കൈകൊണ്ടു എന്നെ ചേർത്തു പിടിച്ചു.എന്തെന്നറിയില്ല,എന്നിലോടൊരു ചൂടുള്ള പ്രവാഹം കടന്നുപോയി.

അതൊരു തുടക്കമായിരുന്നു.A. ശിവാനന്ദൻ എന്ന ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്നു അതു.തിരുക്കുറൽ മൻറത്തിന്റെ കേരളത്തിലെ പ്രചാരകൻ.അന്ന് അദ്ദേഹം ഏതാണ് രണ്ടു മണിക്കൂർ സംസാരിച്ചു.അതെനിക്ക് പുതിയ അറിവായിരുന്നു.പാതിരാ കഴിഞ്ഞിട്ടും ഞാനും കുഞ്ഞേട്ടായിയും സോഫിയും ഇരുന്ന് ഉറക്കെ ചിന്തിച്ചു.അത്ര മാത്രം ഇരുട്ടിലായിരുന്നു ജീവിതമെന്ന് അറിഞ്ഞില്ലല്ലോ!

തിരികെ അടിമാലി വീട്ടിലെത്തിയിട്ടും ഞാൻ ആകെ കുഴഞ്ഞു നിന്നു.' നിലവാരമില്ലാത്ത' കമ്യൂണിസ്റ്റായും ഹരിജൻ കൊണ്ഗ്രസ്സായും നടക്കുന്നവരെ കണ്ടപ്പോൾ ചിലതു പറയാണമെന്നുണ്ടായിരുന്നെങ്കിലും എന്തു പറയണമെന്നറിയാതെ കുഴങ്ങി. ഞാൻ ക്രമേണ പാർട്ടിയിൽ നിന്നും അകന്നു.ചില ബന്ധങ്ങൾ അങ്ങനെ കിടക്കുന്നതുകൊണ്ടു ഒഴിയാനൊന്നും പോയില്ല.പാർട്ടിയുടെ കോടി കാണുമ്പോൾ KV പത്രോസിനെ ഓർമ്മ വരും.സവർണ്ണ നേതാവിന് മുഖ്യ മന്ത്രിയാകാൻ വെട്ടി നിരത്തിയ ധീരൻ.പുന്നപ്ര വയലാർ സമരകാലത്ത് ധീരമായി പാർട്ടിയെ നടത്തിയ സഖാവ്!ഞാൻ പതിയെ മാറുകയായിരുന്നു.വായന വഴിതിരിഞ്ഞു.ചരിത്രവും അംബേദ്ക്കറും പെരിയാറൂം അങ്ങനെ ഒത്തിരിയോത്തിരി കടലുകൾ ഞാൻ കണ്ടു.

ഞാൻ വീണ്ടും കോട്ടയത്തിന് വണ്ടി കയറി.പിന്നെ ഒത്തിരിക്കാലം ദ്രാവിഡ പ്രസ്ഥാനവുമായി നടന്നു.ക്ലാസ്സുകൾ വലിയ ലഹരിയായിരുന്നു.കുഞ്ഞപ്പൻ സാർ പകർന്ന പിതാക്കന്മാരുടെ ചരിത്രം കേട്ടു വിതുമ്പി.ആദിയിൽ മണ്ണിൽ എഴുന്നേറ്റു നിന്നു പിതാക്കന്മാരുടെ ധീര ചരിത്രവും ചതിയിൽ വീണ ദുര്യോഗവും കണ്മുന്നിൽ കണ്ടു.ദ്രാവിടനായത്തിൽ ഞങ്ങൾ ഊറ്റം കൊണ്ടു.

ശിവാനന്ദൻ സാർ ഓരോന്നാന്തരം പ്രാസംഗികനായിരുന്നു.ആരെയും പിടിച്ചിരുത്തുന്ന ശൈലി.ചരിത്രവും പുരാണവും കോർത്തിണക്കി മനോഹരമായ ഭാഷയിൽ സംസാരിക്കുന്ന സാറിനെ കേൾക്കാൻ ദലിതേതരരായ ധാരാളം പേർ വരുമായിരുന്നു.

ദക്ഷിണ കേരളത്തിൽ എതാണ്ടെല്ലാ ജില്ലകളിലും പ്രസ്ഥാനം വേരോടിയിരുന്നു.അതിന്റെ ആത്മീയ വിഭാഗം സനാതന മതം എന്നാണറിയപ്പെട്ടത്.ആരാധനാലയങ്ങൾ ജ്ഞാനമടങ്ങളെന്നും.താടി നീട്ടി കുടുംമി വച്ചവർ പൂജ ചെയ്തു.തിരുക്കുറളെന്ന ദക്ഷിണ വേദം മതഗ്രന്ഥവും തിരുവള്ളുവർ ഗുരുവുമായിരിന്നു.എനിക്കെന്തോ അന്നും ആമതത്തോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.സാമുദായിക ഐക്യത്തിൽ മാത്രം ശ്രദ്ധിച്ചു.എങ്കിലും ഞാൻ ധാരാളം ഗാനങ്ങൾ എഴുതി.അവ ഇന്നും പാടുന്നുണ്ടന്ന് ഏറെ വർഷങ്ങൾക്കു ശേഷം ശിവദാസ് പറഞ്ഞു.

അപ്പോഴും ഞാൻ എന്റെ പഠനം മുന്നോട്ടു കൊണ്ടുപോയി.അതിനൊപ്പം ഒത്തിരി ചോദ്യങ്ങളുമുണ്ടായി.എന്റെ സാമൂഹ്യപാഠം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ പ്രസ്ഥാനത്തിന് കഴിയാതെ പോയി.ദ്രാവിടർ ഭരിക്കുന്ന തമിഴകത്തിലെ എന്തുകൊണ്ടാണ് ദ്രാവിടരായ ദളിതർ അടിമകളായതെന്ന ചോദ്യത്തിന് ഉത്തരം തരാൻ സാറിനെക്കാളും ചരിത്രത്തിൽ മുന്നോട്ടു പോയ കുഞ്ഞപ്പൻ മാഷിനും കഴിഞ്ഞില്ല. പിന്നെ എന്റെ പഠനം വഴിക്കായിരുന്നു.എനിക്കതിൽ ശരിയാണെന്ന് എനിക്ക് തോന്നുന്ന ഉത്തരം കണ്ടെത്തിയത് 25 വർഷങ്ങൾ കഴിഞ്ഞായിരുന്നു.

ക്രമേണ ഞാൻ അവിടെ നിന്നും പിൻവാങ്ങി.എങ്കിലും പാടിയും പറഞ്ഞും കൂടിയ രാത്രികൾ നൽകിയ സാഹോദര്യത്തിന്റെ ചൂടാണ് ഇന്നും എന്നെ പുതച്ചു നിൽക്കുന്നത്.ബാബാ സഹാബിലേക്കു,എന്റെ പിതാക്കന്മാരുടെ വീട്ടിലേക്കു എന്നെ കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട ഗുരുവിന്റെ പാദങ്ങളിൽ എന്റെ ഓരോ പുതിയ കണ്ടെത്തലുകളും നന്ദിയുടെ ഞാൻ ചേർത്തു വെയ്ക്കുന്നു.

 

No comments:

Post a Comment