ബാല്യകാല സുഹൃത്തും സഹപാഠിയുമായ സാജൻ കയ്യാനിയുടെ അടുത്ത് നിന്നുമാണ് ps പുതുക്കുടിയെ പരിചയപ്പെടുന്നത് .അക്കാലത്തു രണ്ടുപേരും സുവിശേഷ യോഗങ്ങളും ബൈബിൾ പഠനവുമായി നടക്കുകയായിരുന്നു.ഞാനോ കോവൂരിനെയും പ്രേമാനന്ദിനെയുമൊക്കെ വായിച്ചു കട്ട നിരീശ്വവാരവാദിയും .200 ഏക്കർ പെന്തക്കോസ്സുകാരുടെ തലസ്ഥാനമായിരുന്നു കൊണ്ട് കണ്ടുമുട്ടുന്ന ആര് പേരിൽ നാലും പെന്തക്കോസ്തുകാരായിരുന്നു.ഇവരിൽ തൊണ്ണൂറു ശതമാനവും ദളിതരായതുകൊണ്ടു ഒരുതരം പുശ്ചഭാവം പെന്തക്കോസ്തുകാരോട് പൊതു സമൂഹം വച്ചുപുലർത്തിയിരുന്നു.ഇവരോ ലോകത്തിനും കാലത്തിനും നിരക്കാത്ത രീതിയിലുള്ള ചില വിശ്വാസ നടപടികൾകൊണ്ട് പരിഹാസം വിളിച്ചു വരുത്തിക്കൊണ്ടുമിരുന്നു.പരമ്പരാഗത വിശ്വാസ ധാരയിൽ മുന്നോട്ടു പ്പോകുമ്പോൾ തന്നെ പുതുക്കുടി വൃത്തിയായി ബൈബിൾ വായിച്ചു.അപ്പോൾ
സഭകൾ പഠിപ്പിക്കുന്ന തോന്ന്യാസത്തെക്കുറിച്ചു അദ്ദേഹത്തിന് മനസ്സിലായി.അങ്ങനെ ബൈബിൾ സീരിയസ്സായി പഠിക്കാൻ തുടങ്ങി.അതിനായി ഗ്രീക്കും ഹീബ്രുവും പഠിച്ചു .അത് സഭയെയും വിശ്വാസാചാരങ്ങളെയും ചോദ്യം ചെയ്യാനുള്ള കരുത്തേകി.
തങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ബൈബിളിൽ കാണാത്തതൊക്കെ കണ്ടെടുക്കുന്നതു സഭയെ അലട്ടി.പുതുക്കുടിയെ അന്തികൃസ്തുവായി അവതരിപ്പിച്ചു.ഇവരെയൊക്കെ പള്ളിയിലും തെരുവിലും തർക്കിച്ചു തോൽപ്പിക്കുന്ന കാലത്താണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത് .ആ സമയത്തു പുതുക്കുടി വിശ്വാസ യാത്രയുടെ അവസാന സ്റ്റോപ്പിലെത്തിയിരുന്നു.ഇതോടൊപ്പം അംബേദ്ക്കറെയും പഠിച്ചു .അതിനു ഇരുന്നൂറേക്കറിൽ നിന്നും ഇസ്രായെലിലിലേക്ക് സഞ്ചരിച്ചതിനേക്കാൾ വേഗതയുണ്ടായിരുന്നു.ബൈബിൾ വാഗ്ദാനം ചെയ്ത സമത്വവും സഭ്യതയും സഭകളിൽ കാണാത്തതു അദ്ദേഹത്തെ അസ്വ സ്തനാക്കി .
വിശ്വാസ ജീവിതത്തിൽ നിന്നുള്ള പിൻവാങ്ങൽ വലിയൊരു ആരംഭ ത്തിനുള്ള തുടക്കമായിരുന്നു.ഇന്ത്യാ ചരിത്രവും യൂറോപ്യൻ ചരിത്രവും പഠിച്ചു സമകാലിക സാമൂഹ്യ ജീവിതമൂല്യത്തെ അറിവുകൊണ്ടളന്നപ്പോൾ നഗ്നരായ ഒരു സമൂഹത്തിൽ അവഹേളനാ പാത്രമായി നിൽക്കുകയാണെന്നറിഞ്ഞു.അവിടെനിന്നാണ് യഥാർത്ഥ ജീവിതത്തിലേക്ക് കയറിപ്പോകുന്നത്.ചരിത്രത്തിന്റെ ഇടുക്കു വ ഴികളിൽ ച ത്തു കെ ട്ടു പോയ ആത്മാക്കൾക്കൊപ്പം നിന്ന് വിലപിച്ചു.രാത്രികളിൽ പോയ നൂറ്റാണ്ടുകളിൽ സഹിച്ചവരെക്കാൾ പൊരുതിയവർക്കൊപ്പം നിന്ന് യുദ്ധം ചെയ്തു.വീണ്ടും ജനിക്കുകയായിരുന്നു.മരിച്ചവരുടെ പുസ്തകത്തിൽ നിന്നും ജീവനിലേക്കുള്ള പുല്മേടുകളിലൂടെയുള്ള വഴി കണ്ടെടുത്തപ്പോൾ സീയോനിലേക്കു നടന്ന വഴിദൂരമോർത്തു വ്യാകുലപ്പെട്ടു .
അക്കാലത്തു ദളിതർ ഏറ്റവുമധികം കമ്യൂണിസ്റുകാരായിരുന്നു .ദളിതരുടെ ചില കാര്യങ്ങളിലെ മാറ്റാനാവാത്ത സംഗതികളുടെ സാമ്യത കണ്ട് ഞാൻ അതിശയിച്ചിട്ടുണ്ട്.അവരെ ഉണർത്തണമെങ്കിൽ എന്തും അതിന്റെ തീവ്രതയിൽ മാത്രമേ ഫലിക്കൂ.രാഷ്ട്രീയം തെരഞ്ഞെടുത്തപ്പോൾ കമ്യൂണിസവും മതം തെരഞ്ഞെടുത്തപ്പോൾ പെന്തകൊസ്തും ആകുന്നതെങ്ങനെയാണ്.രണ്ടിടവും വൈകാരികതയുടെ ഉത്തുംഗ ത്തിലേക്കു കൊണ്ടുപോകുന്ന രാജവീഥികളാണ് .അതിന്റെ കാരണം രൗദ്ര താളങ്ങളിലും ചടുല ചലനങ്ങളിലും അതിന്റെ ഉത്തുംഗ സ്ഥായിയിലും ലയം കണ്ടെത്തിയ മനസ്സുകൾക്ക് കുറഞ്ഞതൊന്നും പാകമാകില്ല. ഒരേ സമയം കമ്യൂണിസ്റ് കാരും പെന്തക്കോസ്തുകാരുമായവർ തങ്ങൾ ആരാണെന്നോ എന്താണെന്നോ അറിയാത്തവരാണെന്ന് അവർക്കറിയില്ലായിരുന്നു.അവരിലേക്കാണ് പുതുക്കുടി തൻറെ ചിന്താപദ്ധതിയുമായി ഇറങ്ങിച്ചെല്ലുന്നതു.വഴി തെറ്റിയ ദൈവ പൈതലിനെ അവർ സഹതാപത്തോടെ നോക്കി.അവനുവേണ്ടി പ്രാർത്ഥിച്ചു.
പുതുക്കുടി എവിടെ ആയിരുന്നാലും കുറേപ്പേർ ചുറ്റിനുണ്ടാകും .അറിയാവുന്ന കാര്യം ആകർഷകവും കൗതുക കരമായും അവതരിപ്പിക്കും ജാതി മത വ്യത്യാസമില്ലാത്ത ഒരു സൗഹൃദം ഉണ്ടായിരുന്നു .കൂമ്പൻപാറക്കവലയിലെ സായാന്ഹങ്ങൾ സർഗ്ഗാത്മകമായ സജീവമാകും.ഇതിനിടയിൽ അംബേദ്ക്കറിസം കേൾക്കുന്ന ഒരു യുയുവ തലമുറ എഴുന്നേറ്റു.നാട്ടിലുണ്ടായ ചില്ലറ പ്രവർത്തനങ്ങൾ ചിലരിലൊക്കെ സ്വാധീനമുണ്ടാക്കി.
നാട്ടിൽ ഇന്ഗ്ലീഷ് പത്രം വായിക്കുന്ന നാലോ അഞ്ചോ പേരിൽ ഒരാൾ പുതുക്കുടി ആയിരുന്നു.ഒരിക്കൽ പത്രത്തിൽ കണ്ട വാർത്തയുമായി ആവേശത്തോടെയാണ് പുതുക്കുടി വന്നത്.അതൊരു ചെറിയ വാർത്ത ആയിരുന്നെങ്കിലും ഞങ്ങളെ സംബന്ധിച്ച് ജീവിതത്തിന്റെ വിലയുണ്ടായിരുന്നു.കാൻഷിറാം എന്നൊരാൾ ബഹുജൻ സമാജ് പാർട്ടി എന്നൊരു പാർട്ടി രൂപീകരിച്ചിരുന്നു.ഇതൊരു ദലിതർക്കുള്ള പാര്ടിയാണന്നറിഞ്ഞു ഞങ്ങൾ വിമോചിതരായവരെപ്പോലെ സന്തോഷിച്ചു.ടിഎം ബേബി ശിവൻ സുനിൽ സുധാകരൻ വിപി ബേബി അങ്ങനെ കുറെയധികം യുവാക്കൾ ആവേശഭരിതരായി .
"ഇനി നമ്മൾ bsp ക്കാരാണ് "
ps പ്രസ്താവിച്ചു.ഞങ്ങൾ ഉറപ്പിച്ചു.
അത് വലിയൊരു ആവേശമായ മാറി.കമ്മറ്റിയുണ്ടാക്കി .tm ബേബിച്ചേട്ടനായിരുന്നു പ്രസിഡന്റ് എന്നാണോർമ.ഒരു നേതൃത്വവും അറിയാതെ ഞങ്ങൾ പാർട്ടി അംഗങ്ങളാവുകയാണെന്നു തീരുമാനിച്ചു.ഇപ്പോൾ കേൾക്കുമ്പോൾ പരിഹാസ്യ മായി തോന്നുമെങ്കിലും നിഷ്ക്കളങ്കമായ ആഗ്രഹം എത്രവലുതാണന്നു സ്നേഹ ബുദ്യാൽ ചിന്തിക്കുന്നവർക്ക് മനസ്സിലാകും. അതുകഴിഞ്ഞു കല്ലറ സുകുമാരൻ സാർ ഏറ്റെടുക്കുമ്പോൾ ഞങ്ങളും അതിന്റെ ഭാഗമായി.ps ജില്ലാ പ്രസിഡന്റായി.പിന്നെ അവിടന്നങ്ങോട്ട് പീയെസ്സിന്റെ പ്രയാണമായിരുന്നു.വേദികളിലും സമരരംഗങ്ങളിലും,പഠന ക്ലാസ്സുകളിലും ജീവ വായുവായി നിറഞ്ഞു നിന്നു.അക്കാലത്താണ് ഇടുക്കിയിലെ ഇന്നത്തെ ഭൂരിഭാഗം മുതിർന്ന അംബേദ്ക്കറിസ്റ്റുകളും ഉയർന്നു വന്നത് .
വെറുമൊരു പെന്തക്കോസ്തു പാസ്റ്ററായിരുന്ന പീയെസ് ഒരു രാഷ്ട്രീയ പാരമ്പര്യമില്ലാതെയിരുന്നിട്ടും എങ്ങനെ ഇത്ര തീവ്രഅംബേദ്ക്കറിസ്റ്റായി? സാധാരണയായി തങ്ങൾക്കു ചുറ്റും നടക്കുന്ന നീതി നിഷേധങ്ങളും കയ്യേറ്റങ്ങളും കാണാത്തവരാണ്.എന്നാൽ വലിയൊരു പൊള്ളിക്കുന്ന ഓർമ്മ ഉള്ളിൽ പ്രതികാരത്തിന് ചുരമാന്തി നിൽക്കുന്നുണ്ടായിരുന്നെന്ന് അദ്ദേഹം പോലും ഓർത്തിരുന്നില്ല.കോതമംഗലത്തിനടുത്തു ചേലാട് ഗ്രാമത്തിലായിരുന്നു പീയെസ്സിന്റെ കുടുംബം താമസിച്ചിരുന്നത് .കുട്ടിക്കാലത്തു ക്രിസ്ത്യാനികളും ഈഴവരും ബ്രാഹ്മണരെപ്പോലെ പെരുമാറിയെന്നു പീയെസ് പറഞ്ഞിട്ടുണ്ട്.രോഗബാധിതനായ വല്യപ്പനെ; മരിച്ചപ്പോൾ അടക്കാൻ സ്ഥലമില്ലാഞ്ഞു ,അങ്ങ് ദൂരെ കാട്ടിലെവിടെയോ രാത്രിയിൽ ശരീരമുപേക്ഷിച്ചു.അന്നുരാത്രിയിൽ പെയ്ത മഴപോലെ പിന്നൊന്നും കണ്ടിട്ടില്ലത്രെ!കനത്ത മഴയിലും കാറ്റിലും പന്തം കെട്ടുപോയി .ഇരുട്ടിൽ തപ്പി തടഞ്ഞു കരഞ്ഞും വിളിച്ചും തിരികെ വന്ന അപ്പനെയും കൊച്ചപ്പന്മാരെയും ഓർത്തു കണ്ണുകൾ നിറഞ്ഞിരുന്നു .ഏറെക്കഴിയും മുൻപ് വല്യമ്മയും മരിച്ചു .അടുത്തുള്ള കല്ലുവെട്ടാം കുഴിയിൽ ഇറക്കിക്കിടത്തി ഓലമടലിട്ടു മൂടി രായിക്കു രായ്മാനം കയ്യിലെടുക്കാവുന്നതും കുഞ്ഞുങ്ങളുമായി ഒരു പലായനം.ചുറ്റും സംപൂജ്യരായ മതിലിൽ കിളുത്ത ക്രിസ്ത്യാനികൾ ഇവരെയൊന്നും കണ്ടില്ല.കൈക്കൊണ്ടില്ല. ആദാമിന്റെ മൂത്ത മകൻ കയീന്റെ കയ്യാൽ കൊല്ലപ്പെട്ട ഹാബേലിന്റെ കഥ അറിയാത്തവരില്ല .നിർഭാഗ്യവശാൽ ദളിത് ക്രൈസ്തവരുടെ പിതാവിന്റ പേരും ഹാബേൽ എന്നായിരുന്നു.അതുകൊണ്ടായിരിക്കണം " ഒരുവൻ കൃസ്തുവിലായാൽ പുതിയ സൃഷ്ടിയത്രേ " എന്ന് പൗലോസ് പറഞ്ഞിട്ടും പാലിക്കപ്പെടാത്തതെന്നു ഞാൻ ഓർത്തിട്ടുണ്ട്. ഹൃദയം മുറിഞ്ഞ അനേകരെപ്പോലെ അവരും ഹൈറേഞ്ചിലെ തേനും പാലുമൊഴുകുന്ന കാനാൻ ദേശം നോക്കി ചെന്നു.വിശ്വാസ ജീവിതം പിടിച്ചു കൂട്ടിലിട്ട പ്രതിഷേധം വീണ്ടും കൂടുപൊളിച്ചിറങ്ങി.
ഈ കഥ ഓർത്തോർത്തു ഞാനും വിതുമ്പിയിട്ടുണ്ട്.
പാർട്ടിക്ക് വേണ്ടി ഓടിയലഞ്ഞപ്പോൾ വീട് മറന്നുപോയി എന്ന് പലരും പറഞ്ഞു.എന്നാൽ മുഴുവൻ സമയം പ്രവർത്തിക്കുന്നവനൊരു കുടുംബമുണ്ടന്നു അവരും മറന്നുപോയി.വീട്ടിലിരിക്കുമ്പോഴും ദിവസവും നിരവധിയാളുകൾ പലതും പരിഹരിക്കാനും പലതും അറിയാനും വന്നു കൊണ്ടിരുന്നു.അവരാരും പാണ്ഡിത്യത്തിന്റെ വലുപ്പം കുടുംബത്തിനില്ലന്നറിഞ്ഞില്ല.
ബീ എസ്പി നിഷ്ക്രിയമായപ്പോൾ തകർന്നുപോയ ഒട്ടേറെ പ്രതിഭകളുണ്ട് കേരളത്തിൽ.പീയെസ്സിന്റെ കാര്യവും വ്യത്യസ്തമല്ല .ചെറിയ രൂപവും അതിന്റെ നൂറിരട്ടി ആത്മ ധൈര്യവുമുള്ളവനായിരുന്നു.ഒരു തീരുമാനമെടുത്താൽ നടത്താതെ പിൻവാങ്ങില്ല.അങ്ങനെയുള്ള ഒരാൾ പെട്ടന്ന് ഒന്നും ചെയ്യാനില്ലാതായപ്പോൾ നിശബ്ദനായി ഒതുങ്ങപ്പോയി.പത്തായ്യായിരം പുസ്തകമുള്ള സ്വന്തം ലൈബ്രറിയുമായി ഇരുന്നു.പിന്നീട് ബോധം തെളിഞ്ഞ ബിഎസ്പി മറ്റെന്തോ ആയിരുന്നു.അവർ പലരെയും അറിഞ്ഞില്ല .അവർ ഓഡിറ്റോറിയത്തിൽ നിന്നും ഓഡിറ്റോറിയത്തിലേക്ക് പോകുന്നവർ ആയിരുന്നു.
രോഗബാധിതനായിക്കഴിഞ്ഞപ്പോൾ അടുപ്പമുള്ള ചിലർ ഒഴികെ ആരും അറിഞ്ഞ ഭാവം നടിച്ചില്ല.പാർട്ടിക്കാർ അങ്ങനെ ഒരാളെക്കുറിച്ചു കേട്ടിട്ടില്ല.!എങ്കിലും ജ്ഞാനം കൊണ്ട് സ്നാനം ചെയ്തവൻ തോറ്റില്ല .പ്രിയ പുത്രന്റെ അകാല വേർപാടിൽ മഞ്ഞ് വീണു കുതിർന്ന മൺകൂന പോലായെങ്കിലും പെട്ടന്ന് തന്നെ പുറമെ പരുക്കനായി .പക്ഷെ ഓരോ ദിവസവും നാൾവഴി പുസ്തകത്തിൽ തന്റെ പ്രിയപ്പെട്ടവന്റെ വേർപാടിനേക്കുറിച്ചു "ഇന്നെന്റെ കുഞ്ഞു പിരിഞ്ഞു പോയിട്ട് ..... ദിവസം "എന്ന് എഴുതിവെച്ചു. കട ബാധ്യതയിൽ സ്വന്തം കൈകൊണ്ടു പണിത സ്വപ്നം പോലുള്ള വീടും പറമ്പും വിറ്റു .മറ്റൊരിടത്തു ആറ് സെന്റിലെ കുടിലിലേക്ക് .പഴയ പെന്തക്കോസ്തു വിശ്വാസികൾ വഴിതെറ്റിപ്പോയവനെ ദൈവം പരീക്ഷിക്കുന്നത് കണ്ടു സന്തോഷിച്ചു.ചോദ്യങ്ങളുള്ള യുവാക്കളെ അത് കാട്ടി ഭയപ്പെടുത്തി.
അംബേദ്ക്കർ - ഗാന്ധി താരതമ്യ പഠനത്തിൽ ഇന്ത്യയിൽ പീയെസ്സിനോളം പോന്ന ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്.സുകുമാർ അഴീക്കോട് ഗാന്ധിസം പ്രസംഗിച്ചു കേരളം ചുറ്റിയ സമയത്തു ഗാന്ധിസത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിക്കാൻ ചർച്ചയ്ക്കു തയ്യാറുണ്ടോയെന്നു ചോദിച്ചപ്പോൾ അഴീക്കോട് ഒഴിഞ്ഞുമാറി.പീയെസ്സിന് കേരളത്തി അറിയപ്പെടുന്ന ആക്ടിവിസ്റ്റുകളും എഴുത്തുകാരുമൊക്കെയായി ധാരാള ശിഷ്യന്മാർ ഉണ്ടായിരുന്നിട്ടും ഇവരാരും അടിമാലിക്ക് വെളിയിൽ അദ്ദേഹത്തെ പരിചയപ്പെടുത്താൻ തയ്യാറായില്ല .ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുതെന്നുള്ള മനോഭാവം നിലനിർത്തുന്നവരാണ് ദളിത് മേഖലയിൽ സ്ഥാപിതരായിട്ടുള്ളത്.പീയെസ് ചിന്തിച്ചത് പറയാൻ ഇടമുണ്ടാകുമായിരുന്നെങ്കിൽ ജ്ഞാന മേഖല എത്രയോ മുന്നോട്ടു പോയേനം !
ശരിയായ കൂട്ടായ്മയ്ക്ക് വേണ്ടി എന്തും ത്യജിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. "ഒരുമിച്ചു നിൽക്കാനായി ,ഒരു കല്ലെടുത്തു വെച്ചിട്ടു ' അത് നിന്റെ ദൈവമാണെന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കും,വണങ്ങും ,പക്ഷെ ,അത് നിന്നെ രക്ഷിക്കുമെന്ന് പറഞ്ഞാൽ കാലിനടിച്ചു ഞാൻ കാട്ടിക്കളയും " എന്ന് പൊയ്കയിൽ അപ്പച്ചൻ ദൈവമാണ് രക്ഷിക്കുമെന്ന് പറഞ്ഞ PRDS കാരനോട് പറഞ്ഞ മറുപടി കല്ലുപോലെ ഇപ്പോഴുമിരിക്കുന്നു.
പഠിച്ചു തലനിറച്ചവൻ ഉടൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകിയിട്ടു വലിയൊരറിവായി അദൃശ്യനായി
No comments:
Post a Comment