Tuesday, March 1, 2022

fb കുറിപ്പുകൾ: ചോറ്റ് വേദക്കാർ നിർമ്മിച്ച കേരളം

" ന്നും വേണ്ട എനിക്കൊന്നും വേണ്ട എന്റെ താതൻ തിരുമുഖം കണ്ടാൽ മതി.."

  കുട്ടിക്കാലം മുതൽ കേൾക്കുന്ന പാട്ടാണ്.ദളിത് ക്രൈസ്തവരുടെ പ്രിയപ്പെട്ട ഗാനം.ആദിമ ക്രൈസ്തവ സഭ ത്യജിക്കാൻ പഠിപ്പിച്ചത് ഉൾക്കൊണ്ട ജനത ദലിത് ക്രൈസ്തവരായിരുന്നു.ത്യജിക്കാൻ ജീവനല്ലാതെ ബാക്കി ഒന്നുമില്ലായിരുന്നെങ്കിലും സമ്പാദിക്കാനുള്ള ത്വര എല്ലാ തദ്ദേശിയരിലുമെന്നപോലെ ഇവർക്കും ഉണ്ടായിരുന്നില്ല.ക്ലേശങ്ങൾ വിശ്വാസത്തിന്റെ ചുമടുതാങ്ങികളിൽ വെച്ച് ഇളവെടുത്തു.

ഒരു കാൽ നൂറ്റാണ്ടിനു മുൻപ് ഞങ്ങളുടെ മേഖലകളിലൂടെ രാത്രി ഒരേഴുമണിക്കു സഞ്ചരിച്ചാൽ വലിയൊരു വിലാപം പോലെ പ്രാർത്ഥനകൾ കേൾക്കാം.അതൊരു ദിനാവൃത്താന്തമായിരിക്കും.തങ്ങളുടെ ജീവിതത്തിലെ ആശയും നിരാശയും സന്തോഷവും നിറഞ്ഞ പ്രാർത്ഥനകൾ ഒഴുകിവരുമ്പോൾ കേൾക്കുന്ന പതർച്ച കാറ്റിന്റെ ഉലച്ചിലല്ല,തൊണ്ടയുടെ ഇടർച്ചയിലാണെന്ന ബോധം എന്റെ കണ്ണും നനയിച്ചിട്ടുണ്ട്.

"എന്റെ ദൈവം മഹത്വത്തിൻ ആർദ്രവാനായ്

ജീവിക്കുമ്പോൾ,

പാപിഞ്ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻ, ഏതും കാര്യമില്ലെന്നെൻറെയുള്ളം ചൊല്ലുന്നു..."

ഉറപ്പിലാണ് കനം തൂങ്ങി വീഴാൻ പോയ ജീവിതത്തെ ഉറപ്പിച്ചത്.ക്രൈസ്തവ ലോകത്ത് ആർദ്രമാക്കുന്ന പാട്ടുകൾ ദളിത് ക്രൈസ്തവരുടേതായിരുന്നു.അതിനവർക്കു വിഷയം തേടി സഞ്ചരിക്കേണ്ടിയിരുന്നില്ല.ഒരു ദിവസത്തെ ഓർത്തെടുത്താൽ മതിയായിരുന്നു.മുമ്പെല്ലാം ആത്മരോഷത്തെ ഉള്ളിലിട്ടെരിച്ചു സ്വയം വെന്തു ചത്തവരുടെ ലോകത്തു നിന്നും പാടിയും പ്രാർത്ഥിച്ചും എരിചിലടക്കി ശാന്തമായി.

" ഇന്ന് പകൽ മുഴുവൻ കരുണയോടെന്നെ സൂക്ഷിച്ചവനെ...." ഇത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ആത്മരോഷത്തെ വേദനയെ പുറത്തേക്ക് തള്ളുന്ന കുഴലായിരുന്നു.

പട്ടിയുടെ വിലപോലും ഇല്ലാതിരുന്ന,മൃഗങ്ങളിൽ നിന്നും ഇത്തിരി മാത്രം ഉയർന്ന ഒരു ജീവി വർഗ്ഗമായിരുന്നു ദളിതർ.മടയും ചിറയും പാലങ്ങളും കുറയ്ക്കാനുള്ള ബലിമൃഗങ്ങളുമായിരുന്നു.പോർച്ചുഗീസുകാർ ലോകം ചുറ്റുമ്പോൾ തങ്ങളുടെ തോക്കിന്റെ ഉന്നം നോക്കിയിരുന്നത് കളിച്ചുകൊണ്ടിരുന്ന കറുത്ത കുഞ്ഞുങ്ങളിൽ ആയിരുന്നെന്ന് വായിച്ചിട്ടുണ്ട്.ഏതാണ്ട് അതേ അവസ് തന്നെ ആയിരുന്നു ഇവിടെയും.ഹിന്ദുക്കളേക്കാൾ ഒരു വ്യത്യാസവും കാണിക്കാത്തവരാണ് ക്രിസ്ത്യാനികളും ഇതരരും.മനുഷ്യസൃടെ എണ്ണത്തിൽ ഇവരെ പെടുത്തിയിരുന്നില്ല.ഇങ്ങനെയുള്ള മനുഷ്യരെയാണ് മിഷനറിമാർ കൈപിടിച്ചുയർത്തിയത്.അവർ ഒന്നും പ്രതീക്ഷിച്ചല്ല ഇതൊന്നും ചെയ്തത്.ബ്രിട്ടീഷ്കാർ തങ്ങൾക്കു പിന്തുണ കിട്ടാനായാണ് മത പരിവർത്തനം നടത്തിയതെന്ന ഇടത് വലത് വായനകൾ ഇന്നത്തെ രാഷ്ട്രീയ ബല തന്ത്രങ്ങളുടെ കണ്ണോട്ടത്തിൽ ഉണ്ടാകുന്നുണ്ട്.എന്നാൽ ഇതു ചരിത്ര പരമായ വലിയൊരു തെറ്റ് മാത്രമാണ്.1608 ഇന്ത്യയിൽ എത്തിയ കമ്പനി ആരെയും മതപരിവർത്തനം ചെയ്തില്ല.പിൽക്കാലത്തു കടന്നു വന്ന മിഷണറിമാരെ പ്രോത്സാഹിപ്പിച്ചില്ല.വൈസ്രോയി കല്ലാൻ സായ്പ്പ് മിഷണറിമാരെ താക്കീത് ചെയ്തു.കാരണം ഇതര ജാതിക്കാരെ വെറുപ്പിച്ചാൽ കച്ചവടം ഭംഗിയായി നടത്തിക്കില്ല.അവർ കച്ചവടക്കാർ മാത്രമായിരുന്നു.പിന്നീട് മിഷണറിമാർ ബ്രിട്ടനിൽ തിരികെ ചെന്നു പ്രത്യേക ഉത്തരവുമായി വന്നിട്ടാണ് പരിവർത്തനത്തിന് ഏർപ്പെടുന്നത്.അതിനു കമ്പനിയുടെ സഹായവും ഉണ്ടായിരുന്നില്ല.

1840നു ശേഷമാണ് ഒരു ദലിതർ ക്രിസ്തുമതം സ്വീകരിക്കുന്നത്.നരകജീവിതത്തിൽ നിന്നുള്ള മോചനം സ്വപ്നം കണ്ടവരാണ് കുരിശുമെടുത്തു നടന്നത്.വസ്ത്രം ധരിക്കാനും എഴുത്തറിയാനും ഇടവന്നു.യജമാനന്മാരെ അത്രമേൽ ഭയപ്പെട്ടവരും യാതൊരു ഭാവനയും ഇല്ലാത്തവരും പരീക്ഷണത്തിനൊന്നും മിനക്കെട്ടില്ല.വർഷം കൃത്യമായി ഓർക്കുന്നില്ലെങ്കിലും 1850നു മുൻപ് ദളിതർ മതം മാറ്റത്തിലൂടെ അക്ഷര വെളിച്ചം കണ്ടു.പിന്നെയും പത്തെഴുപത്തു വർഷം കഴിഞ്ഞു പുതിയ നൂറ്റാണ്ടും പിറന്നതിനു ശേഷമാണ് മതം മാറാത്ത ഒരാൾക്ക് അക്ഷര വെളിച്ചം കാണാൻ ഇടയായത്.അതും മിഷനറിമാരുടെ പിൻ ബലത്തിലായിരുന്നു.(ഇതു പക്ഷെ ഹൈന്ദവരും ഹൈന്ദാവരായിത്തീർന്ന ദളിതരും ഉണ്ടാക്കിയ ചരിത്രത്തിൽ ഇക്കാര്യം വിസ്മരിച്ചു.)ആത്മാവിനെ മറുകരയെത്തിക്കാനായിരുന്നില്ല അവർ മതം മാറിയത്.വൃത്തിയുള്ള ജീവിതം, കുഞ്ഞുങ്ങളുടെ പഠനം,പ്രത്യാശയുള്ള ഭാവി ഇതൊക്കെ ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്.ഇങ്ങനെ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം കണ്ടവരും അമർഷമുള്ളവരുമാണ് കേരള നവോദ്ധാനമാണ് നടന്നതെങ്കിൽ അതിന്റെ അടിസ്ഥാനമായത്.അയ്യൻ കാളി പഞ്ചമിയുമായി പള്ളിക്കൂടത്തിൽ പോകുമ്പോൾ കേരളത്തിൽ അനേക ദളിതർ ഉന്നത ഉദ്യോഗത്തിൽ ഉണ്ടായിരുന്നു.അന്ന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിൽ ഇരുന്ന ജ്ഞാന ജോഷ്വ ഇംഗ്ലണ്ടിൽ പോയി അക്കൗണ്ടൻസി പഠിച്ച ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു.അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ അലക്സാണ്ടർ മിച്ചൽ സക്കാർ സ്കൂൾ, ധനസഹായമുള്ള ഇതര സ്കൂളുകൾ എന്നിവിടങ്ങളിൽ ആർക്കും പഠിക്കണമെന്ന ഉത്തരവിറക്കി പലവർഷമായെങ്കിലും ആരും എത്തിയില്ല.അപ്പോഴാണ് സാധുജനപരിപാലന സംഘവുമായി ബന്ധമുണ്ടായിരുന്ന lms പൂരോഹിതൻ J സാമുവേലിന്റെ ഇടപെടൽ മൂലമാണ് അയ്യൻകാളി പഞ്ചമിയുമായി സ്കൂളിൽ പോകുന്നതും.

പിന്നീടങ്ങോട്ടുള്ള യാത്രയിൽ ദളിത് ക്രൈസ്തവർ പരാജയത്തിലേക്കായിരുന്നു.സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് സർക്കാരിന്റെ പരിരക്ഷ നഷ്ടപ്പെട്ടു.ബാബാ സാഹിബ് കൊണ്ടുവന്ന സംവരണം ഹൈന്ദവ ഇടപെടലിൽ പരിവർത്തനം ചെയ്തവർക്ക് മാത്രമായി.ബ്രിട്ടീഷ്കാർ തങ്ങൾക്കായി ഉണ്ടാക്കിയെടുത്ത സഭ സുറിയാനിക്കരും കൈക്കലാക്കി.ആദ്യഘട്ടത്തിൽ ഉണ്ടാക്കിയെടുത്ത വളർച്ച നിലച്ചു.എങ്കിലും വിദ്യ നൽകിയ വെളിച്ചത്തിൽ അവർ മുന്നോട്ടു പോകുന്നു.

ദളിത് മുന്നേറ്റങ്ങളിൽ മുന്നിൽ നിന്നതു എക്കാലത്തും ദളിത് ക്രൈസ്തവരോ റീ കൺവർട്ടുകൾ ആയവരോ ആയിരുന്നു.ഇന്ന് ബുദ്ധിസത്തിലേക്ക് തിരിയുന്നവരിൽ നല്ലൊരു ശതമാനവും അവർതന്നെ.കുറേക്കാലം കഴിഞ്ഞപ്പോൾ ഇന്ന് കാണുന്ന കേരളത്തെ നിർമ്മിച്ചത് മത പരിവർത്തനമായിരുന്നുവെന്ന കാര്യം സൗകര്യ പൂർവ്വം മറന്നു.മതംമാറാതെ നിന്നവരിൽ ചിലരുടെ തലമുറ 'നീലം മുക്കികൾ ' 'ചോറ്റുവേദക്കാർ'(ഇതു ബ്രാഹ്മണ ക്രിസ്ത്യാനിയും ശൂദ്രന്മാരും വിളിച്ചിരുന്നു)എന്നൊക്കെ പരിഹസിച്ചിരുന്നു.വൃത്തിയുള്ള നീലം മുക്കിയ തുണി ദളിതർക്ക് പറ്റിയതല്ലന്നു ചില ദളിതരും വിശ്വസിച്ചു.സവർണ്ണ ക്രൈസ്തവ വേദമല്ല,ചോറ്റു വേദമാണ് കേരളത്തെ നിർമ്മിച്ചെടുത്തത്. കാരണം ആവശ്യക്കാരന് അറിവുകിട്ടി.

എങ്കിലും ഇപ്പോഴും സഭകളിൽ സമത്വം ഇപ്പോഴും കൊണ്ടുവരാൻ മൂപ്പന്മാർ തയ്യാറല്ല.കാരണം ഇത് ഇന്ത്യയാണ്.കമ്പ്യൂട്ടറിനും ജാതകം നോക്കുന്ന വിഡ്ഢികളുടെ ലോകം.രാപ്പകലുകൾ അവിടെ ജാതിയെ ഭുതക്കണ്ണാടിവെച്ചു തരം തിക്കുകയാണ്.ഇതിനിടയിലാണ് ഒരു ജനത പുതുക്കി പണിതുകൊണ്ടിരിക്കുന്നത്



No comments:

Post a Comment